അന്താരാഷ്ട്ര പയര്‍വർഗ്ഗ വർഷം  -   International Year of Pulses

 

2016 അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭയും അതിന്റെ സഹസ്ഥാപനമായ ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷനും തീരുമാനിച്ചതായി ഇക്കഴിഞ്ഞ നവംബറില്‍ പ്രഖ്യാപനമുണ്ടായി. 'സുസ്ഥിരഭാവിക്കുവേണ്ടിയുള്ള പോഷകാഹാരത്തിന്റെ വിത്ത് ' എന്നതാണു മുദ്രാവാക്യം.  

എന്തിനാണ് ഇങ്ങിനെയൊരു വര്ഷം? അതിന്റെ പ്രസക്‌തിയെന്ത്? ചിലരിലെങ്കിലും ഈ ചിന്ത ഉണ്ടായിട്ടുണ്ട്. ഈ കുറുപ്പിനൊരു മറുപടി ആകുമെങ്കിൽ ഏറെ സന്തോഷം.

അന്താരാഷ്ട്ര പയറുവർഗ്ഗ വർഷത്തിൻറെ ലക്ഷ്യങ്ങൾ :

  • സുസ്ഥിരമായ ഭക്ഷ്യോത്‌പാദനത്തിലും, ആരോഗ്യകരമായ ആഹാരക്രമത്തിലും, ഇവരണ്ടും  ആഹാര സുരക്ഷക്കും പോഷകാഹാര വ്യവസ്ഥക്കും  നൽകുന്ന സംഭാവനയിലും പയർ വിളകൾക്കുള്ള  പ്രാധാന്യത്തെക്കുറിച്ചു ജനങ്ങളിൽ അവബോധം ഉണ്ടാക്കുക,
  •  ഭക്ഷ്യവ്യവസ്ഥയിൽ പയർ വർഗ്ഗങ്ങളുടെ വൈശിഷ്‌ട്യത്തേക്കുറിച്ചും  ഉപയോഗത്തേക്കുറിച്ചും മണ്ണിൻറെ ഫലഭൂയിഷ്ഠതക്കവ നൽകുന്ന സഹായത്തേക്കുറിച്ചും പ്രചരിപ്പിക്കുക, 
  • ഭക്ഷ്യ ശൃംഘലകളെ ബന്ധിപ്പിച്ചു ആഗോള പയർ വർഗ്ഗ ഉത്‌പാദനം മെച്ചപ്പെടുത്തുക

നൂറ്റാണ്ടുകളായി വലിയൊരു വിഭാഗം ജനങ്ങളുടെയും ഭക്ഷ്യശൃംഖലയുടെ ഭാഗമായിരുന്നിട്ടും പയര്‍വര്‍ഗങ്ങളുടെ പോഷകപ്രാധാന്യത്തെപ്പറ്റി വേണ്ടത്ര അറിവോ അംഗീകാരമോ സമൂഹത്തിലില്ല.

പയർ വിളകൾ മണ്ണിന്റെയും ചങ്ങാതിയാണ്. പയർ ഏതു മണ്ണിലും  കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതും ഏറെ പോഷകഗുണമുള്ളതും സ്വാദിഷ്ടമായതും സാധാരണക്കാരന് പ്രാപ്യമായതും വിവിധ ഉപയോഗമുള്ളതും സ്ഥായിയായതുമായ ഒരു വിളയാണ്‌. വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാമെന്നതുകൊണ്ടു വര്ഷം മുഴുവൻ ലഭ്യമാകുകയും ചെയ്യുന്നു.

ആഗോളതലത്തിൽ പയർ ഉത്‌പാദനത്തിൽ പ്രഥമസ്ഥാനമാണ് ഇന്ത്യക്കുള്ളത്. ആഗോള ഉത്പാദനത്തിൻറെ 25 % ഇന്ത്യയുടെ സംഭാവനയാണ്. എന്നിരുന്നാലും ഈ വിളയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ നമുക്കായിട്ടില്ല. ഒരു വലിയ ശതമാനം പയർവര്ഗങ്ങൾ നാം ഇപ്പോഴും ഇറക്കുമതി ചെയ്യുന്നു.

ഭക്ഷ്യസുരക്ഷയെന്നാൽ കേവലം വിശപ്പടക്കൽ മാത്രമല്ല. പോഷക സുരക്ഷ, സാമൂഹിക-സാമ്പത്തിക ഉയർച്ച എന്നിവ ഉറപ്പു വരുത്തുന്നതും അതിന്റെ ഒരു ഭാഗമാണ്.  അതുകൊണ്ടു തന്നെ വൈവിധ്യമാർന്ന കാർഷികകാലാവസ്ഥ നിലനിൽക്കുന്ന കേരളത്തിൽ പയർകൃഷിക്ക് അനന്ത സാധ്യതകളാണുള്ളത്. കേരളത്തിൽ, പാലക്കാടു ജില്ലയാണ് പയർ വർഗങ്ങളുടെ ഉത്പാദനത്തിൽ മുന്നിൽ. വൻപയർ, ചെറുപയർ, മുതിര, ഉഴുന്ന്, തുവരപ്പയർ എന്നിവയാണ് കേരളത്തിൽ പൊതുവെ കൃഷി ചെയ്തു വരുന്നത്. കേരളത്തിലെ പല ജില്ലകളിലും ഇടവിളയായും ഒന്നാം വിളയായും പയർ വർഗ്ഗങ്ങൾ കൃഷി ചെയ്തു വരുന്നു. 

ഈ അന്താരാഷ്ട്ര പയറുവർഗ്ഗ വർഷത്തോടെ ലോകത്തെ എല്ലാതരം പയറുവർഗ്ഗങ്ങളുടെയും ഉല്‍പ്പാദനവും വ്യാപാരവും ഉപയോഗവും വര്‍ധിപ്പിക്കുവാൻ കഴിയുമെന്നാശിക്കാം.

 

 

Write a comment

Comments: 0